നമസ്‍കാരം!
കലിയുഗത്തിന്റെ ആരംഭത്തിൽ വ്രജഭൂമിയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേർന്നു എന്നു വിശ്വസിക്കപ്പെടുന്ന ഗുരുവായൂരപ്പ വിഗ്രഹത്തിന്റെ ചൈതന്യം, തിരിച്ചു വൃന്ദാവനത്തിലേക്ക് വന്നുചേരുകയാണ് ഈ ക്ഷേത്രത്തിലൂടെ സാധിതമാവുന്നത്. പൂർണ്ണത്തിൽ നിന്നും പൂർണ്ണമുണ്ടാവുമ്പോൾ പൂർണ്ണമവശേഷിക്കുന്നു എന്ന ഉപനിഷദ് വാക്യം അന്വർത്ഥമാവും പോലെ, ഒരു കാലചംക്രമണം പൂർത്തിയാക്കി, ആ ഭഗവൽചൈതന്യം നിലകൊള്ളുന്നു.
ഭക്തി മാർഗ്ഗമോ, ജ്ഞാന മാർഗ്ഗമോ, കർമ്മ മാർഗ്ഗമോ, ക്രിയാ മാർഗ്ഗമോ, ആത്മീയോന്നതിയിലേക്കുള്ള ഏതൊരു പാതയിലൂടെ സഞ്ചരിക്കുന്നവർക്കും പരമമായ മുക്തിയിലേക്കെത്താനുള്ള ഒരു പടിയായി ഈ കൃഷ്ണസങ്കേതം ഉയർന്നു വരണമെന്നാണ് ക്ഷേത്രയജമാനസ്ഥാനം വഹിക്കുന്ന ബ്രഹ്മശ്രീ മോഹൻജിയുടെ സങ്കൽപ്പം.
അശരണരായ അനവധി വൃദ്ധസ്ത്രീകൾ വൃന്ദാവനത്തിൽ ഇപ്പോഴും അലയുന്നുണ്ട്. ഇതിൽ സ്വമേധയാ വന്നവർ മാത്രമല്ല, കുടുംബാംഗങ്ങളോടൊപ്പം വന്നെത്തി, അവിടെ ഉപേക്ഷിക്കപ്പെട്ടവരുമുണ്ട്. ഇവരിൽ പലരും രോഗാതുരരും ആതുര ശുശ്രൂഷ പ്രത്യേകം വേണ്ടവരുമാണ്. ഇത്തരത്തിലുള്ള ഏകദേശം നൂറു സ്ത്രീകൾക്ക്, സൗജന്യ ഭക്ഷണവും, താമസവും, സ്നേഹത്തോടെയുള്ള പരിചരണവും, ചികിത്സ വേണ്ടുന്നവർക്ക് അതും സൗകര്യപ്പെടുത്തിക്കണ്ടുള്ളൊരു അഭയകേന്ദ്രം, ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമായി നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ ഒരു ഗോശാലയും, ഭക്തർക്കു നിത്യ അന്നദാനത്തിനുള്ള സൗകര്യവും അവിടെയൊരുക്കും.